ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സ്ഥലനാമ ചരിത്രം
കണിയാമ്പറ്റ
എന്ന സ്ഥലനാമം ഉണ്ടായതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. പൊങ്ങിണി ഭഗവതിയെ
വഞ്ചിച്ച് ബന്ധനസ്ഥയാക്കിയ കണിയാനെ അനുസ്മരിച്ച് കണിയാന് പറ്റിച്ചു എന്നത്
പ്രചാരത്തില്‍ വരികയും പിന്നീട് ലോപിച്ച് കണിയാമ്പറ്റയായി എന്നുമാണ് ചരിത്രം. ഏതോ
ആദിവാസി രാജകുമാരന് കെണിയമ്പേറ്റു എന്നും ആ സ്ഥലം കണിയാമ്പറ്റയായി മാറി എന്നാണ്
മറ്റൊരു ഐതീഹ്യം. പഴശ്ശിരാജാവിന്റെ യുദ്ധഭൂമിയില്‍ കണിയാമ്പറ്റ പ്രദേശം ഉള്‍പ്പെട്ടിരുന്നതായി
പ്രസിദ്ധ ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും വയനാട്ടിലെ ആദ്യകാല
ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണിയാമ്പറ്റ. ലിഖിത ചരിത്രം ഉണ്ടാകുന്നതിന്
മുമ്പ് കണിയാമ്പറ്റ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം ഒരു ആദിവാസി
നിവാസകേന്ദ്രമായിരുന്നിരിക്കണം.
കുടിയേറ്റ ചരിത്രം
ആദിവാസി
(വേട്ടുവ) രാജാക്കന്മാരുടെ ചരിത്രങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കേണ്ട
വിഷയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് നായര്‍, നമ്പ്യാര്സമൂഹം,തമിഴ് ബ്രാഹ്മണര്‍,
തെലുങ്ക് ചെട്ടിമാര്‍ തുടങ്ങിയവരുടെ വയനാട്ടിലേക്കുള്ള കുടിയറ്റം നടന്നത്.
കുറിച്യര്‍ വയനാട്ടിലെത്തിച്ചേര്ന്ന കാലഘട്ടം അവ്യക്തമാണ്. പഴശ്ശി കേരളവര്‍മ്മ
രാജാവിന്റെ ആഗമനത്തിനു മുമ്പുതന്ന കുറിച്യര്‍ ഇവിടെ നിവസിച്ചിരുന്നുവെന്നതാണ് ഏറെ
പ്രസിദ്ധമായ വാദഗതി. കന്നഡ ഗൌഡര്‍ സമുഹം എത്തിച്ചേര്ന്നന്നതിന് കൃത്യമായ
തെളിവുകളില്ല. ടിപ്പുസുല്‍ത്താനും വളരെ മുമ്പ് വയനാട് കര്‍ണാടകയുടെ ചില ഭാഗങ്ങള്‍
ഉള്‍പ്പെടുന്ന ഭരണപ്രദേശമായിരുന്നുവെന്ന വാദഗതിയുമുണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ
ഉത്തരാര്‍ദ്ധത്തില്‍ തന്ന മുസ്ലിം, തിയ്യ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് കുടിയേറ്റം
ആരംഭിച്ചിരുന്നു. കമ്പളക്കാട് ജുമാമസ്ജിദ് 1906-ല്‍ സ്ഥാപിച്ചതായി രേഖകളുണ്ട്. ഇരുപതാം
നൂറ്റാണ്ടിന്റെ ആദിപാദത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ക്രിസ്ത്യന്‍,
ഈഴവ വിഭാഗങ്ങള്‍ കുടിയേറ്റമാരംഭിച്ചത്. കന്നിമണ്ണു തേടി തിരുവിതാംകൂര്‍
ഭാഗത്തുനിന്നും വന്ന കര്‍ഷകര്‍ക്ക് നല്ല ജനവാസമുണ്ടായിരുന്ന കണിയാമ്പറ്റ പ്രദേശം
ഹൃദ്യമായിരുന്നില്ല. നടവയല്‍, ചുണ്ടക്കര (പള്ളിക്കുന്ന്)
ഇതിനൊരപവാദമാണ്.ഇന്നുവയനാട്ടില് മറ്റു പ്രദേശങ്ങള്‍ പോലെ തന്ന കണിയാമ്പറ്റ
പഞ്ചായത്തിലും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ദക്ഷിണേന്ത്യയുടെ പല
ഭാഗത്തുനിന്നും വന്നവര്‍ സ്ഥിരതാമസക്കാരായുണ്ട്. ആദിവാസിവിഭാഗത്തില്‍ പണിയരും, കുറിച്യരും
ധാരാളമായുണ്ട്. മുള്ളുവകുറുമര്, ഊരാളിക്കുറുമര്‍, നായക്കര്‍ എന്നീ വിഭാഗങ്ങളും കോളനികളായി
താമസിക്കുന്നുണ്ട്. മതപരിവര്‍ത്തനം ചെയ്ത് മുസ്ലിങ്ങളും, ക്രിസ്ത്യാനികളുമായി
മാറിയ ആദിവാസികളും ഈ പഞ്ചായത്തിലുണ്ട്.
കാര്‍ഷിക ചരിത്രം
ചെറിയ
ചെറിയ കുന്നുകളും അതിനിടയിലുള്ള വയലുകളും നിറഞ്ഞതാണ് കണിയാമ്പറ്റ പഞ്ചായത്ത്.
കാരായിപ്പുഴ, കോട്ടവയല്പ്പുഴ
എന്നിവ ഈ പഞ്ചായത്തില്‍വച്ച് ഒന്നുചേര്‍ന്ന് പനമരം പഞ്ചായത്തിലൂടെ ഒഴുകി കബനിയില്‍
ചെന്നു ചേരുന്നു. കുന്നുകളില്‍ ഉല്‍ഭവിച്ച് ഈ പുഴകളില്‍ അവസാനിക്കുന്ന ധാരാളം
തോടുകളും അവ പുഷ്ടിപ്പെടുത്തുന്ന വയലുകളും അടങ്ങുന്നതാണ് പഞ്ചായത്തിന്റെ ഭൂഘടന.
പണ്ടു കാലങ്ങളില്‍ കാലവര്‍ഷക്കാലത്ത് ഇരുപുഴകളും കര കവിഞ്ഞ് ചുറ്റുമുള്ള വയലുകളെ
പ്രളയജലത്തിലാഴ്ത്തുമായിരുന്നു. ജലം വാര്ന്നുകഴിഞ്ഞാല് മണ്ണിനമൃതായ എക്കല്‍മണ്ണ്
വയലുകളില്‍ നിക്ഷേപിക്കപ്പെടുന്നു. ഇന്ന് വെള്ളപ്പൊക്കം ഒരു കടങ്കഥയായി
മാറിയിട്ടുണ്ട്. ഓരോ വാര്‍ഡിലും മൂന്നാ നാലോ അതിലധികം കുന്നുകളും ഏതാണ്ട് അത്രയും
തന്നെ പാടശേഖരങ്ങളും ഉണ്ട്.ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം
കൃഷിയാണ്.പഞ്ചായത്ത് നെല്‍പ്പാടങ്ങളും,നാണ്യവിള കൃഷി നടത്തുന്ന കുന്നുകളും
ഒത്തുചേര്‍ന്നതാണ്. നെല്ല്, വാഴ, ഇഞ്ചി, കവുങ്ങ്, തെങ്ങ്, കാപ്പി, കുരുമുളക്
എന്നിവയാണ് പ്രധാനകൃഷികള്‍. നെല്‍പ്പാടങ്ങളില്‍ നല്ലൊരു ശതമാനം നികത്തി മറ്റു
കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ പറ്റാത്ത പുഴയോരങ്ങളോട് ചേര്‍ന്ന നെല്‍പ്പാടങ്ങളുണ്ട്.
അവയില്‍ പ്രധാനമായവ പനങ്കണ്ടി, ആവുവയല്, കാവുവയല്‍, ചിറ്റൂര്‍, പാടിക്കര,അരിമുള, വരദൂര്‍, കാവാടം, വെള്ളച്ചിമൂല എന്നീ പാടശേഖരങ്ങളാണ്.
വിദ്യാഭ്യാസചരിത്രം
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ തന്നെ ആദ്യം തുടങ്ങിയ പ്രദേശങ്ങളിലൊന്നാണ്
കണിയാമ്പറ്റ. ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗമെന്നതും വയനാടിന്റെ എല്ലാ
ഭാഗത്തുനിന്നും വാഹന സൌകര്യം ഉണ്ട് എന്നതും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍
തുടങ്ങുന്നതിന് കണിയാമ്പറ്റയുടെ അനുകൂല ഘടകങ്ങളാണ്. വയനാട്ടില്‍ 1922-23
ല്‍ ആദ്യമായി മൂന്ന് വിദ്യാലയങ്ങള്‍ തുടങ്ങിയതില്‍ ഒന്നായിരുന്നു കണിയാമ്പറ്റ ഗവണ്മെന്റ്
സ്കൂള്‍. എലിമെന്ററി വിദ്യാലയമായി തുടങ്ങിയ ഈ സ്കൂള്‍ ഇന്ന് യു പി സ്കൂളാണ്.
കൂടാതെ ഒരു ഗവണ്മെന്റ് ഹൈസ്കൂളും കണിയാമ്പറ്റയിലുണ്ട്. 1935-ല്‍
തുടങ്ങിയ കമ്പളക്കാട് ഗവണ്മെന്റ് യു.പി. സ്കൂള്‍, 1962-ല്‍ തുടങ്ങിയ
ചീക്കല്ലൂര്‍ ഗവണ്മെന്റ് എല്‍.പി.സ്കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍,
നടവയല്‍ സെന്റ് തോമസ് എല്‍ പി സ്കൂള്‍ എന്നിവയാണ് ഈ പഞ്ചായത്തിലുള്ള പ്രധാന
സ്കൂളുകള്‍.
സാംസ്ക്കാരികചരിത്രം
ആദിവാസികളുടേതായ
തനതു കലകള്‍ പലതും മറഞ്ഞുപോയെങ്കിലും ഇനിയും അവശേഷിക്കുന്ന കലാരൂപങ്ങള്‍ പ്രായം
ചെന്ന ആളുകളുടെ സഹകരണത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ആദിവാസികളുടെ ഓരോ
വിഭാഗത്തിനും പ്രത്യേകമായ വസ്ത്രധാരണരീതികളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു.
ഇവരുടെ ഭക്ഷണരീതികള്‍ ചിലതെങ്കിലും ആരോഗ്യകരവും അനുകരണീയവുമാണ്. ഈ പഞ്ചായത്തില്‍
ചുരുക്കമായി ആദിവാസി പാരമ്പര്യചികിത്സകര്‍ അവശേഷിക്കുന്നുണ്ട്.പഞ്ചായത്തിലൂടെ
കടന്നുപോകുന്ന കോഴിക്കോട്-മാനന്തവാടി റോഡ് വയനാട്ടിലേക്കുള്ള ആദ്യകാലപാതകളില്
ഒന്നാണ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍,
ജൈനമത വിഭാഗങ്ങളാണ് പ്രധാനമായുള്ളത്. ഈ മതവിഭാഗങ്ങള്‍ പരസ്പരസഹായ,സഹവര്‍ത്തിത്വ, സൌഹാര്‍ദ്ദത്തിന്റെ
ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുന്നു. പ്രധാന ആരാധനാലയങ്ങളുടെ
ഉത്സവങ്ങള്‍ മതസൌഹാര്‍ദ്ദത്തിന്റെ വേദികള്‍ ആകാറുണ്ട്. പഞ്ചായത്ത് അതിര്‍ത്തിയിലുള്ള
പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയത്തിലെ ഉത്സവം,ജാതിമത ഭേദമന്യെ ജനങ്ങള്‍ പങ്കെടുക്കുന്ന
ഉത്സവമാണിത്. ചുണ്ടക്കര, നടവയല്‍
തുടങ്ങിയ ദേവാലയങ്ങള്‍ അറിയപ്പെടുന്ന ക്രിസ്തീയ ദേവാലയങ്ങളാണ്. പൊങ്ങിണി ശ്രീ
ഭഗവതിക്ഷേത്രം, കണിയാമ്പറ്റ
ശ്രീ അയ്യപ്പക്ഷേത്രം എന്നിവ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയങ്ങളാണ്. പ്രധാന
പ്രദേശങ്ങളില്‍ ഒക്കെ തന്നെ മുസ്ലിം ദേവാലയങ്ങളും ഉണ്ട്.